ടാറ്റ-എയർബസ് പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് കർണാടകയിൽ
ബെംഗളൂരു: യൂറോപ്യൻ വിമാന നിർമ്മാണ ഭീമനായ എയർബസും, ടാറ്റ ഗ്രൂപ്പിന്റെ എയ്റോസ്പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) ചേർന്ന്, കർണാടകയിലെ കോലാറിൽ H125 മോഡൽ ഹെലികോപ്റ്ററുകൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റായിരിക്കും ഇത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം ആഗോള എയ്റോസ്പേസ് രംഗത്ത് ഇന്ത്യയെ ഒരു നിർണായക പങ്കാളിയാക്കാൻ പദ്ധതിയിടുന്ന പ്ലാന്റ്, ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഹൈടെക് വ്യവസായ സ്വയംപര്യാപ്തതയെയും ഉന്നതവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. എയർബസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ H125 ഹെലികോപ്റ്ററുകൾ ഉത്പാദിപ്പിക്കുന്നതിൽ പദ്ധതിയുടെ പ്രാഥമിക ശ്രദ്ധകേന്ദ്രമാകും. ഇന്ത്യയിലെയും അയൽരാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മേഖലയാണ് പ്രധാനമായും ലക്ഷ്യം. ആദ്യഘട്ടത്തിൽ വാർഷികമായി 10 ഹെലികോപ്റ്ററുകളുടെ ഉത്പാദനം ലക്ഷ്യമിട്ട് പദ്ധതി ആരംഭിക്കും. അടുത്ത രണ്ട് ദശകത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖലയിൽ 500 ലളിത ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുകയെന്നതാണ് എയർബസിന്റെ ദീർഘകാല ദൗത്യലക്ഷ്യം. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ഈ അസംബ്ലി പ്ലാന്റ് നേടാൻ ശ്രമിച്ചെങ്കിലും, നയപരമായ സ്ഥിരതയും വിദഗ്ധ തൊഴിലാളിമാരുടെ ലഭ്യതയും കണക്കിലെടുത്ത് കർണാടകയെ തിരഞ്ഞെടുത്തു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ കേന്ദ്രം കർണാടകയിലായിരിയ്ക്കുന്നതും സംസ്ഥാനത്തിന്റെ വ്യവസായ ശാക്തീകരണ ശേഷിയും തീരുമാനത്തെ സ്വാധീനിച്ചു.